മുംബൈ: ‘മറാഠി സാഹിത്യസമ്മേളനി’ൽ അധ്യക്ഷനായി ക്രിസ്ത്യൻ പുരോഹിതനെ തെരഞ്ഞെടുത്ത സംഭവത്തിൽ ഭാരവാഹികൾക്ക് നേരെ ഭീഷണി. 93-ാമത് അഖിലേന്ത്യ മറാഠി സാഹിത്യസമ്മേളൻ അധ്യക്ഷനായി വസായിലെ കത്തോലിക്ക പുരോഹിതനായ ഫാദർ ഫ്രാൻസിസ് ഡി ബ്രിട്ടോയെയാണ് തെരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ഭാരവാഹികൾക്ക് നേരെ ഭീഷണിയുയരുകയായിരുന്നു. സംഘടനയുടെ പ്രസിഡന്റ് കൗതിക് റാവു പാട്ടീൽ, സെക്രട്ടറി മിലിന്ദ് ജോഷി എന്നിവർക്കാണ് ഭീഷണി ഫോൺവിളികൾ വന്നത്. സംഭവത്തിൽ ഭാരവാഹികൾ പോലീസിൽ പരാതി നൽകി.
ഔറംഗബാദിൽ 2020 ജനുവരി 10 മുതൽ 13 വരെയാണ് സമ്മേളനം. ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യൻ പുരോഹിതനെ അധ്യക്ഷനാക്കുന്നത്. ബ്രിട്ടോയെ അധ്യക്ഷനാക്കിയത് അംഗീകരിക്കില്ലെന്ന് ബ്രാഹ്മൺ മഹാസംഘ് അധ്യക്ഷൻ ആനന്ദ് ദാവേ വ്യക്തമാക്കി. ബ്രിട്ടോ മറാഠി സാഹിത്യത്തിന് എന്ത് സംഭാവനയാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വിവാദത്തിൽപ്രതികരിച്ച് പുരോഹിതനും രംഗത്തെത്തി. രാജ്യത്തിന്റെ മതേതരമൂല്യങ്ങളും സഹിഷ്ണുതയും ഉയർത്തിക്കാട്ടാൻ സഹിത്യസമ്മേളനം ഉപയോഗപ്പെടുമെന്നാണ് ഫാദർ ബ്രിട്ടോ പ്രതികരിച്ചത്. ഫാദർ ബ്രിട്ടോ മറാഠിയിൽ രണ്ടുപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വേദപുസ്തകത്തിലെ പുതിയനിയമം അദ്ദേഹം മറാഠിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇതിന് സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചിരുന്നു. സുവാർത്ത എന്ന കത്തോലിക്ക മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം.
സാമൂഹിക പ്രവർത്തനങ്ങളിലും തൽപരനായ അദ്ദേഹം വസായിൽ പിടിമുറുക്കിയ റിയൽ എസ്റ്റേറ്റ് മാഫിയയെ ചെറുക്കാനായി തദ്ദേശീയരെ അണിനിരത്തി ഹരിത് വസായ് സംരക്ഷൺ സമിതിക്കും രൂപം നൽകിയിരുന്നു.
Discussion about this post