ന്യൂഡല്‍ഹി: ഒളിംപിക്സ് മെഡല്‍ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വര്‍ ദത്തും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സന്ദീപ് സിങും ബിജെപിയില്‍ ചേര്‍ന്നു. ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് യോഗേശ്വര്‍ ദത്തും സന്ദീപ് സിങും പറഞ്ഞു.
ഒക്ടോബറില്‍ നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശനം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇരുവരെയും മത്സരരംഗത്ത് ഇറക്കുമെന്ന് സൂചനയുണ്ട്.
ഹരിയാനയിലെ സോനെപത് മണ്ഡലത്തില്‍ യോഗേശ്വര്‍ ദത്ത് മത്സരിക്കാനാണ് സാധ്യത. ഹരിയാന പോലീസിലെ ഉദ്യോഗസ്ഥനായ യോഗേശ്വര്‍ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. 2012-ലെ ഒളിംപിക്സില്‍ യോഗേശ്വര്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന ഘടകം നിര്‍ദേശിച്ച പട്ടികയില്‍ യോഗേശ്വര്‍ ഇടംപിടിച്ചിരുന്നു.
Discussion about this post