ന്യൂഡൽഹി: 2019ൽ ഇന്ത്യയെ സ്വാധീനിച്ച വ്യക്തികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേയും നായകൻ വിരാട് കോഹ്‌ലിയേയും പിന്നിലാക്കി മുൻനായകൻ മഹേന്ദ്ര സിങ് ധോണി സ്ഥാനം പിടിച്ചു. യുഗോവ് (YouGov) പുറത്ത് വിട്ട സർവേഫലത്തിലെ റിപ്പോർട്ടിലാണ് ഇന്ത്യയെ സ്വാധീനിച്ച വ്യക്തികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നിലായി രണ്ടാം സ്ഥാനത്ത് ധോണി എത്തിയത്. 15.66% സ്‌കോറുമായി മോഡി ഇന്ത്യയെ സ്വാധീനിച്ച വ്യക്തികളിൽ ഒന്നാം സ്ഥാനത്തെത്തി.
മഹേന്ദ്ര സിങ് ധോണി, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരാണ് പട്ടികയിലുള്ള ക്രിക്കറ്റ് താരങ്ങൾ. 8.58% സ്‌കോറുമായി ധോണിയാണ് മുമ്പൻ. ഏഴാം സ്ഥാനത്തുള്ള സച്ചിൻ തെണ്ടുൽക്കറിന് 5.81% വോട്ടും തൊട്ടടുത്ത സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 4.46 % വോട്ടും എന്നിങ്ങനെയാണ് സ്‌കോർ ലഭിച്ചത്.
ഫുട്‌ബോളർമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണ് ഈ പട്ടികയിലുള്ള ഇന്ത്യക്കാരെ സ്വാധീനിച്ച മറ്റ് കായികതാരങ്ങൾ. റൊണാൾഡോക്ക് (2.95%), മെസിക്ക് (2.32 %) എന്നിങ്ങനെയാണ് സ്‌കോറുകൾ ലഭിച്ചത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ച ലയണൽ മെസിയേക്കാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് യുവന്റസ് സൂപ്പർതാരം റൊണാൾഡോക്കാണ്.
Discussion about this post