കണ്ണന്‍ ഗോപിനാഥന് പ്രവേശനം നിഷേധിച്ച് പൂനെ സര്‍വകലാശാല ലൈബ്രറി; ഇതിനെ പുതിയ അനുഭവങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നുവെന്ന് കണ്ണന്‍

സിവില്‍ സര്‍വീസില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പലരുമുണ്ടെന്നും ലൈബ്രറിയില്‍ അവരുമായി സംസാരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യത്തിന് പദവി തടസമാകുന്നുവെന്ന് കാണിച്ച് ഐഎഎസ് ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന് പ്രവേശനം നിഷേധിച്ച് സാവിത്രി ഫുലേ സര്‍വകലാശാല ലൈബ്രറി. പ്രഭാഷണം നടത്തുന്നതിനായി പുനെയിലെത്തിയ കണ്ണന്‍ ഗോപിനാഥനെ അനൗപചാരിക സംവാദത്തിനായി വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച സാവിത്രി ഫുലേ പുനെ യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

സിവില്‍ സര്‍വീസില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പലരുമുണ്ടെന്നും ലൈബ്രറിയില്‍ അവരുമായി സംസാരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇത് മാനിച്ച് എത്തിയതായിരുന്നു അദ്ദേഹം. സ്വയം പരിചയപ്പെുത്തിയപ്പോഴാണ് ലൈബ്രറിയുടെ ചുമതലയുള്ള അപര്‍ണാ രാജേന്ദ്ര പ്രവേശനം തടഞ്ഞത്. ലൈബ്രറി സന്ദര്‍ശിക്കണമെങ്കില്‍ രേഖാമൂലം അപേക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ക്ഷുഭിതരായ വിദ്യാര്‍ത്ഥികള്‍ അവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

എന്നാല്‍ ലൈബ്രറി സന്ദര്‍ശനം കണ്ണന്‍ ഗോപിനാഥന്‍ ഉപേക്ഷിച്ചു. ശേഷം യൂണിവേഴ്സിറ്റി കാന്റീനില്‍വെച്ച് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു. കണ്ണന്‍ ഗോപിനാഥനെ ലൈബ്രറി സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചതേയുള്ളൂ എന്നും ലൈബ്രറിയുടെ ചുമതലയുള്ള അപര്‍ണാ രാജേന്ദ്ര നല്‍കുന്ന വിശദീകരണം.

ഔദ്യോഗിക സന്ദര്‍ശനത്തിന് വരുന്നവര്‍ രജിസ്ട്രാറുടെ കത്ത് കൊണ്ടുവരണമെന്നും അനൗപചാരിക സന്ദര്‍ശനം നടത്തുന്നവര്‍ സ്വന്തമായി അപേക്ഷ നല്‍കണമെന്നുമാണ് ചട്ടം. ഇക്കാര്യം പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ക്ഷോഭിക്കുകയായിരുന്നെന്നും കണ്ണന്‍ ഗോപിനാഥന്‍ അക്ഷോഭ്യനായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതിനെ പുതിയ അനുഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തുന്നു’ എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. പിടിച്ചുപുറത്താക്കപ്പെടുന്നത് സുഖമുള്ള കാര്യമല്ലെന്നും ഇതിനെ പുതിയ അനുഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. പുനെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ വീണ്ടും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version