മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ആറായിരം രൂപ സഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇരകള്‍ക്ക് നീതി ലഭിക്കും വരെ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലീം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

അതേസമയം, യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഭര്‍ത്താക്കന്മാരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലാക്കുന്നതോടെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം യുവതികള്‍ക്ക് ലഭിക്കേണ്ട ജീവനാംശം ഇല്ലാതാക്കിയാണ് തുച്ഛമായ ധനസഹായം നല്‍കുന്നതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി.

ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമം പാസാക്കിയത്.

Exit mobile version