ന്യൂഡൽഹി: രാജ്യത്തെ ബസുകളെല്ലാം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ ഇന്ധനങ്ങളെ ഉപേക്ഷിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് ബസുകളായോ അല്ലെങ്കിൽ പാരമ്പര്യേതര ഊർജ്ജം ഉപയോഗിക്കുന്നവയോ ആയി ബസുകൾ മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന സംരംഭകരുടെ എനർജി എഫിഷ്യൻസി നാഷണൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദ്ദേശ്യമൊന്നുമില്ല. ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് നിർബന്ധമാക്കേണ്ട ആവശ്യമില്ല. പക്ഷേ യാതൊരുവിധ സമ്മർദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ സിഎൻജി, എഥനോൾ, മെഥനോൾ എന്നിവയാകും ഭാവിയിലെ ഇന്ധനങ്ങളെന്നും ഗഡ്കരി പറഞ്ഞു.
പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കും. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങൾ പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പുതിയ വാഹനങ്ങൾക്കു രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുളള തീരുമാനം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.