ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ‘മുഖ്യമന്ത്രി കിരായേദാര്‍ ബിജ്‌ലി മീറ്റര്‍ യോജന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍, വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റ് മീറ്റര്‍ നല്‍കുന്നതാണ് പദ്ധതി. വാടക കരാറിന്റെ കോപ്പി മാത്രമാണ് ഈ പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ ലഭിക്കാന്‍ ആവശ്യമായ രേഖ. വാടകയ്ക്ക് വീടുനല്‍കിയ ആളിന്റെ എന്‍ഒസിയോ മറ്റ് സാക്ഷ്യ പത്രമോ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകാന്‍ ആവശ്യമായിട്ടുള്ളത്. മൂവായിരം രൂപ മുന്‍കൂര്‍ അടച്ച് വാടകക്കാര്‍ക്ക് പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കാം.
200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നടപടി. ഡല്‍ഹി സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തോടെയാണ് നീക്കമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. വാടകയ്ക്ക് താമസിക്കുന്നവരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്നും കെജരിവാള്‍ പറഞ്ഞു.
വൈദ്യുതി ഉപഭോഗം കുറക്കാന്‍ 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്സിഡി നല്‍കുമെന്ന് കെജരിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.