ഭോപ്പാല്‍: വൈദ്യുതി ബില്‍ അടയ്ക്കാത്ത സംഭവം കൈവിട്ട് പോയതോടെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന് ഒടുവില്‍ കുടിശ്ശിക അടച്ചു. വിദിശയിലെ വാടകവീടിന്റെ വൈദ്യുതി ബില്‍ കുടിശ്ശികയായ 1.21 ലക്ഷം രൂപയാണ് അടച്ചു തീര്‍ത്തത്.
കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം വൈകുന്നതില്‍ പ്രതിഷേധം അറിയിക്കുന്നതിനായി കര്‍ഷകരോട് വൈദ്യുതി ചാര്‍ജ് അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളായ നിമൂച്ച്, മാന്‍സോര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചവരാരും അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.
ഇതിന് പിന്നാലെ ചൗഹാന് 2013 മുതല്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി വിദിശയിലെ കോണ്‍ഗ്രസ് എംഎല്‍എ ശശാങ്ക് ഭാര്‍ഗവ രംഗത്തെത്തി. വിദിശയില്‍ നിന്ന് ലോക്സഭാംഗമായപ്പോള്‍ വാടയ്ക്ക് എടുത്ത വീട്ടിലെ കറന്റ് ബില്‍ ഇതുവരെ അടച്ചിട്ടില്ല. സാധാരണക്കാരനാണെങ്കില് ഇങ്ങനെ ബില്ലടയ്ക്കാതിരുന്നാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
വൈദ്യുതി വിതരണ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 1.21 ലക്ഷത്തിന്റെ ബില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടെ വൈദ്യുതി ബില്‍ അടയ്ക്കാത്ത സംഭവം വിവാദമായി മാറുകയായിരുന്നു.
വിഷയം ചര്‍ച്ചയായതോടെ ശിവരാജ് സിങ് ചൗഹാന് വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ക്കുകയും ചെയ്തു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭോപ്പാലിലെ ഔദ്യോഗിക വസതിയിലായിരുന്നു താമസമെന്നും വിദിശയിലെ വീട്ടില്‍ അപൂര്‍വ്വമായി മാത്രമേ താമസിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കുടിശ്ശികയുടെ കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.
Discussion about this post