ബംഗളൂരു: ലോകത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ വിവാദം കെട്ടടങ്ങും മുമ്പേ അമ്മ കാവേരി പ്രതിമ നിര്‍മ്മാണത്തിനൊരുങ്ങി കര്‍ണാടക.
ഗുജറാത്തിലെ നര്‍മ്മദയില്‍ ഒക്ടോബര്‍ 31നാണ് ഏകതാ പ്രതിമ അനാവരണം ചെയ്തത്. പട്ടേലിന്റെ പ്രതിമക്ക് പിന്നാലെ നിരവധി പ്രതിമകള്‍ രാജ്യത്തിന്റെ പലഭാഗത്തും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടിന് സമീപമാണ് കാവേരി പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്. പ്രതിമയ്ക്ക് പുറമെ റിസര്‍വോയറിനോട് ചേര്‍ന്ന് ഒരു മ്യൂസിയവും 360 അടി ഉയരത്തില്‍ രണ്ട് ഗ്ലാസ് ടവറുകളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ട്. വിനോദ സഞ്ചാര സാധ്യതകള്‍ മുതലെടുക്കന്‍ ബാന്‍ഡ് സ്റ്റാന്‍ഡും ഇന്‍ഡോര്‍ സ്റ്റേഡിയവും ചരിത്രസ്മാരകങ്ങളുടെ പ്രതിരൂപങ്ങളും നിര്‍മ്മിക്കാനാണ് തീരുമാനം.
1200 കോടി രൂപ ചിലവിട്ട് 125 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മ്മിക്കാനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറും ടൂറിസം മന്ത്രി മഹേഷും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തീരുമാനമായത്. റിസര്‍വോയറിന് സമീപം കൃത്രിമ തടാകം സൃഷ്ടിച്ച് ആയിരിക്കും പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്.മ്യൂസിയം കോംപ്ലക്സിന് മുകളില്‍ രണ്ട് ഗ്ലാസ് ടവറുകള്‍ക്കിടയിലായിരിക്കും പ്രതിമയുടെ സ്ഥാനം.
സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. എന്നാല്‍ പദ്ധതിക്കായി പണം മുടക്കാന്‍ സ്വകാര്യ മേഖലയില്‍ നിന്ന് നിക്ഷേപകരെ കണ്ടെത്തുമെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചു. പദ്ധതി പ്രദേശം ടൂറിസം മേഖലയായി വളര്‍ത്തിയെടുക്കുകയാണ് ഉദ്ദേശം.
കന്നഡിഗരുടെ കാവേരിയോടുള്ള പ്രത്യേക അടുപ്പം പ്രതിഫലിപ്പിക്കുന്നതിനാണ് പ്രതിമാ നിര്‍മ്മാണമെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വിശദീകരണം. കയ്യില്‍ ഒരു കുടം പിടിച്ചു നില്‍ക്കുന്ന സ്ത്രീയുടെ പ്രതിമയാണ് നിര്‍മ്മിക്കുക. ഈ കുടത്തില്‍ നിന്നും മുഴുവന്‍ സമയവും ജലപാതവുമുണ്ടാകും.
It is not exactly a statue, it will be like a tower. The land already belongs to the govt and we will be inviting investors to invest in it, no govt money will be used. It will be a tourist destination: Karnataka Minister DK Shivakumar on the proposed statue of Mother Cauvery pic.twitter.com/imnhhm0iy4
— ANI (@ANI) 15 November 2018