ബ്രാഹ്മണ ദമ്പതികള്‍ക്ക് മാംസാഹാരം നല്‍കി: എയര്‍ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ

ന്യൂഡല്‍ഹി: ബ്രാഹ്മണ ദമ്പതികള്‍ക്ക് മാംസാഹാരം നല്‍കിയ പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ. മൊഹാലി സ്വദേശി നല്‍കിയ പരാതിയില്‍ പഞ്ചാബ് സംസ്ഥാന ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്.

മൊഹാലി സ്വദേശിയായ ചന്ദ്രമോഹന്‍ പഥക്കാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കിയത്. 2016-ല്‍ കുടുംബസമ്മേതം ന്യൂഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കും തിരിച്ച് നവംബര്‍ 14 ന് ഡല്‍ഹിയിലേക്കും യാത്ര ചെയ്തത് എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു.

ഇരുവരും വെജിറ്റേറിയനാണെന്ന് പ്രത്യേകമായി എയര്‍ലൈന്‍സ് അധികൃതരോട് സൂചിപ്പിച്ചിരുന്നു. ചിക്കാഗോയിലേക്കുള്ള യാത്രയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മടക്കയാത്രയില്‍ തങ്ങള്‍ക്കു മാംസാഹാരം നല്‍കിയെന്നുമാണ് ചന്ദ്രമോഹന്‍ പഥക്കിന്റെ പരാതി.

സസ്യ, സസ്യേതര ഭക്ഷണങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പാക്കറ്റുകളില്‍ ചിഹ്നങ്ങളില്ലാതിരുന്നതിനാല്‍ ഉടന്‍ ക്യാബിന്‍ ക്രൂവുമായി ബന്ധപ്പെടുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പരാതി രജിസ്റ്റര്‍ ചോദിച്ചെങ്കിലും പരാതി പുസ്തകം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ചന്ദ്രമോഹന്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.

10,000 രൂപ പിഴയടയ്ക്കാനായിരുന്നു ജില്ലാ ഉപഭോക്തൃ ഫോറം എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ എയര്‍ ഇന്ത്യ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. പിഴത്തുക നാലിരട്ടിയായി വര്‍ദ്ധിപ്പിച്ച സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ 7,000 രൂപ നിയമപരമായ ചെലവുകള്‍ക്കായി പരാതിക്കാരന് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യാത്രക്കാര്‍ക്കു മാംസാഹാരം നല്‍കുന്നതു വഴി സേവനങ്ങളില്‍ വീഴ്ച കാണിച്ചുവെന്ന് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ എയര്‍ ഇന്ത്യയെ വിമര്‍ശിച്ചു. യാത്രക്കാരുടെ മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴത്തുക കെട്ടിവയ്ക്കണമെന്ന് എയര്‍ ഇന്ത്യയോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Exit mobile version