ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അഞ്ഞൂറോളം ഭീകരര്‍ തയ്യാറാണെന്നത് തെറ്റായ സന്ദേശമാണെന്ന് പാക് വിദേശ കാര്യവക്താവ് മുഹമ്മദ് ഫൈസല്‍. കാശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാനും, തങ്ങളെ ആക്രമിക്കാനുമുള്ള വഴിയാണ് ഇന്ത്യ തേടുന്നതെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി.
ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന തീവ്രവാദ ഒളിത്താവളങ്ങളും ക്യാമ്പുകളും പാകിസ്താന്‍ വീണ്ടും സജീവമാക്കിയെന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോള്‍ തന്നെ അഞ്ചു ലക്ഷത്തിലേറെ സൈനികരെ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വീണ്ടും തങ്ങള്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് പറയുന്നത് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ്. മാത്രമല്ല ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ പാകിസ്താന്റെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ബാക്കിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകളെന്നും മുഹമ്മദ് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.