സവാളയ്ക്കും രക്ഷയില്ല; ഒരു ലക്ഷം രൂപ വിലയുള്ള സവാള പൊതികള്‍ മോഷണം പോയി, പരാതിയുമായി കര്‍ഷകന്‍

117 പ്ലാസ്റ്റിക് പൊതികളിലായി സൂക്ഷിച്ച 25 ടണ്‍ സവാളയാണ് കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ നിന്ന് മോഷണം പോയത്

നാസിക്: മഹാരാഷ്ട്രയില്‍ ഒരു ലക്ഷം രൂപയുടെ സവാള മോഷണം പോയ സംഭവത്തില്‍ പരാതിയുമായി ഉടമ രംഗത്ത്. മഹാരാഷ്ട്ര നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറാണ് സവാള മോഷണം പോയെന്നാരോപിച്ച് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. 117 പ്ലാസ്റ്റിക് പൊതികളിലായി സൂക്ഷിച്ച 25 ടണ്‍ സവാളയാണ് കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ നിന്ന് മോഷണം പോയത്.

ഞായറാഴ്ച വൈകുന്നേരം സേ്റ്റാക്കില്‍ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷണം പോയ വിവരം രാഹുല്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശിക മാര്‍ക്കറ്റുകളിലും ഗുജറാത്തിലെ മാര്‍ക്കറ്റുകളിലും അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ വിലയിലാണ് സവാള വില എത്തി നില്‍ക്കുന്നത്.

അടുത്തക്കാലത്തായി ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുണ്ടായ വിളനാശവും തുടര്‍ന്ന് വരവ് കുറഞ്ഞതുമാണ് സവാളയ്ക്ക് വില കുതിച്ചുയരാന്‍ കാരണം.

Exit mobile version