ന്യൂഡല്‍ഹി: കവര്‍ച്ചാശ്രമത്തിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകയ്ക്ക്
പരിക്ക്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയിലെ മാധ്യമപ്രവര്‍ത്തകയായ ജോയ്മാല ബക്ഷിക്കിനാണ് പരിക്കേറ്റത്. മാല വലിച്ചു പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെയാണ് ജോയ്മാല ഓട്ടോയില്‍ നിന്നും വീണത്.
ദക്ഷിണ ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സംഭവം. ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ മോഷ്ടാക്കള്‍ മാധ്യമപ്രവര്‍ത്തകയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മോഷ്ടാക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജോയ്മാല ഓട്ടോയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 394ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡല്‍ഹി പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.