ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.
രാജ്യത്തെ പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഘനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.