ന്യൂഡൽഹി: യുഎസിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവാദത്തിൽ. ഡെമോക്രാറ്റുകൾക്കു മുൻതൂക്കമുള്ള ഹൂസ്റ്റണിൽ അടുത്ത തെരഞ്ഞെടുപ്പിലേക്കു മോഡിയുടെ സഹായം കൊണ്ട് ഇന്ത്യൻ വംശജരുടെ വോട്ട് ഉറപ്പിക്കുകയായിരുന്നു ട്രംപ്. ഈ തന്ത്രത്തിൽ വീണുപോയി ‘ഇത്തവണയും ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് മോഡി ജനങ്ങളോട് സംവദിച്ചത്. അതേസമയം, മോഡി ഈ പെരുമാറ്റത്തിലൂടെ ഇന്ത്യയുടെ നയതന്ത്ര കീഴ്വഴക്കങ്ങൾ ലംഘിച്ചിരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ, ഹൂസ്റ്റണിൽ ഞായറാഴ്ച നടന്ന ‘ഹൗഡി മോഡി’ സംഗമം രാജ്യാന്തര തലത്തിലും വിവാദമായി.
ഈ ഗ്രഹത്തിൽ എല്ലാവർക്കും സുപരിചിതനായ ട്രംപ് എന്നു മോഡി പ്രസംഗത്തിൽ വിശേഷിപ്പിക്കുകയും ചെയ്തു. ട്രംപിന്റെ എതിരാളികളായ ഡെമോക്രാറ്റുകൾക്കാണ് ടെക്സസിലും ഹൂസ്റ്റണിലും മുൻതൂക്കം. 2016-ൽ ഹൂസ്റ്റണിലെ ഇന്ത്യക്കാരിൽ 80 ശതമാനം പേരും ട്രംപിന്റെ എതിർസ്ഥാനാർഥി ഹില്ലരി ക്ലിന്റനായിരുന്നു വോട്ടുനൽകിയത്. ഈ സാഹചര്യം മോഡിയുടെ പിന്തുണയോടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കനായ ട്രംപ് വേദിയിലെത്തിയതെന്നാണു സൂചന.
അതേസമയം, ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യം മുഴക്കി മോഡി ട്രംപിനെ വേദിയിൽ സംസാരിക്കാൻ ക്ഷണിച്ചത് കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ ഇടപെട്ടത് നയലംഘനമാണെന്ന് നേതാവ് ആനന്ദ് ശർമ്മ ആരോപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും ശർമ്മ പറഞ്ഞു.
Discussion about this post