ന്യൂഡല്‍ഹി: അഭിഭാഷക ദീപിക രജാവതിനെ കത്വ കേസ് വാദിക്കുന്നതില്‍ നിന്നും
പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി. കേസ് വാദിക്കുന്നതിനായി കോടതിയില്‍ ഹാജരാകാത്തത് കൊണ്ടാണ് ഒഴിവാക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഠാന്‍കോട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.
കേസ് നൂറു തവണയെങ്കിലും കേള്‍ക്കുകയും ഇതിനിടെ നൂറോളം സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദീപിക രണ്ട് തവണ മാത്രമാണ് ഹാജരായിട്ടുള്ളതെന്ന് കത്വ പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് ഇനി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ എസ്എസ് ബസ്റ, ജില്ലാ അറ്റോര്‍ണി ജഗദീശ്വര്‍ കുമാര്‍ ചോപ്ര എന്നിവര്‍ ഏറ്റെടുത്തേക്കും.
കത്വ കേസ് ഏറ്റെടുത്തത് മുതല്‍ ദീപിക് രജാവതിനെതിരെ നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. ജീവന് ഭീഷണിയുള്ളത് കൊണ്ടാണോ ദീപിക് രജാവത് ഹാജരാകാതിരുന്നതെന്ന് വ്യക്തമല്ല.