കല്‍ബുര്‍ഗി: ‘ ഹെല്‍മെറ്റില്ലേ…എന്നാല്‍ പെട്രോളും വേണ്ട’. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗി പോലീസ്. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് വാഹനം തളളിക്കൊണ്ടു പോകണമെന്ന നിര്‍ദ്ദേശമാണ് കല്‍ബുര്‍ഗി പോലീസ് കമ്മീഷണര്‍ എംഎന്‍ നാഗരാജ് മുന്നോട്ടു വെക്കുന്നത്. കൂടാതെ, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പോലീസ് കമ്മീഷണര്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യത്തെ ഒരാഴ്ച ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുമെന്നും പിന്നീട് ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് ശിക്ഷ ബാധകമാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 29 മുതല്‍ ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.