ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ വീണ്ടും ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്തര്‍ദേശീയ ശ്രദ്ധ ഒഴിവാക്കി പുതിയ പേരിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലും മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താനായി 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പാകിസ്താന്റെ അറിവോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാലാക്കോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു.