ബെല്ലാരി: ലോക പൈതൃക പട്ടികയിലുള്ള ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹംപി. ഹംപിയിലെ വിജയ വിട്ടള ക്ഷേത്രത്തിലെ തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 45കാരനായ നാഗരാജ് ആണ് പോലീസ് പിടിയിലായത്.
സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് ഇടയിലാണ് നാഗരാജ് ക്ഷേത്രത്തിലെ രണ്ട് കല്‍ത്തൂണുകള്‍ വീഴ്ത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ നാഗരാജ് കല്‍ത്തൂണുകളില്‍ ഒന്ന് തള്ളിയിടുകയായിരുന്നു. എന്നാല്‍ ഈ തൂണ് മറിഞ്ഞ് മറ്റൊരു തൂണില്‍ വീണ് രണ്ട് തൂണുകള്‍ നിലംപതിക്കുകയായിരുന്നു.
ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പുരാവസ്തുവകുപ്പിന്റെ ഗാര്‍ഡുമാര്‍ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് നാഗരാജിനെ അറസ്റ്റ് ചെയ്തു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ താന്‍ ഇത് മനപ്പൂര്‍വ്വം ചെയ്തതല്ലെന്നാണ് നാഗരാജിന്റെ വാദം. എന്നാല്‍ ഇത് മനപ്പൂര്‍വ്വം ചെയ്ത തെറ്റല്ലെങ്കിലും ചരിത്ര നിര്‍മ്മിതികളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണെന്നും ഇതു കൊണ്ടാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തതെന്നുമാണ് ബെല്ലാരി എസ്പി സികെ ബാബ പറഞ്ഞത്.
Discussion about this post