അനധികൃതമായി കൈവശം വെച്ച കുരങ്ങുകളെ പിടിച്ചെടുത്തു; കണ്ടെത്തിയത് 81 ലക്ഷം വിലമതിക്കുന്ന ആള്‍കുരങ്ങുകളെ!

25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളും 1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്സുകളേയുമാണ് പിടിച്ചെടുത്തത്.

ന്യൂഡല്‍ഹി: അനധികൃതമായി കൈവശം വെച്ച കുരങ്ങുകളെ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും ആണ് പിടിച്ചെടുത്തത്. പശ്ചിമബംഗാള്‍ വന്യജീവി സംരക്ഷണവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ജീവികളെ കണ്ടെത്തിയത്.

കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച് വന്യജീവി സംരക്ഷണ വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുകയായിരുന്നു. 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളും 1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്സുകളേയുമാണ് പിടിച്ചെടുത്തത്.

ഇയാള്‍ക്കെതിരേ വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാള്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മൂന്ന് ആള്‍ക്കുരങ്ങുകളുടേയും ജനനം ഇന്ത്യയിലാണെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version