മീററ്റ്: പരിപാലിക്കാനും വളര്‍ത്താനും പണമില്ലാത്തതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു. മാര്‍ക്കറ്റു വിലയ്ക്ക് ഒരു ലക്ഷം അടുത്തുവരെ മൂല്യമുള്ള പശുവിനെ ഒന്നിന് ആയിരം എന്ന നിലയിലാണ് വിറ്റഴിക്കുന്നത്.
നെതര്‍ലാന്റിലെ മുന്തിയ ഇനത്തിലുള്ള പശുക്കളെ സഹിവാള്‍ എന്ന ഇന്ത്യന്‍ ഇനവുമായി ക്രോസ്സ് ചെയ്തു പ്രജനനം നടത്തിയ ‘ഫ്രിസ്വാള്‍’ എന്ന ഉന്നത ഇനത്തില്‍പ്പെട്ട 25,000 പശുക്കളാണ് സൈന്യത്തിന്റെ ഫാമുകളില്‍ ഉള്ളത്.
ഫ്രിസ്വാള്‍ ഇനം പശുക്കള്‍ ഒരു ലാക്ടേഷന്‍ (Lactation Period) പീരിയഡ് അതായത് വര്‍ഷത്തില്‍ 305 ദിവസം നല്‍കുന്ന പാലിന്റെ ശരാശരി അളവ് 3,600 ലിറ്ററാണ്.
ഈ പശുക്കളെ മുഴുവന്‍ സൈന്യം വില്‍ക്കുകയാണ്. ഇവയുടെ പരിപാലനവും സംരക്ഷണവുമാണ് പ്രശ്നം.ഇവയുടെ ചെലവ് പട്ടാളത്തിനുപോലും താങ്ങാന്‍ സാധിക്കാത്തതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഫ്രിസ്വാള്‍ പശുക്കളെ വളര്‍ത്തുക ഏറെ ബുദ്ധിമുട്ടാണ്. ചിട്ടയായ ആഹാരവും, ഉന്നത പ്രോട്ടീന്‍ നിലവാരമുള്ള പുല്ലുകളും പഴങ്ങളും, ധാന്യവും കൂടാതെ മികച്ച പരിചരണവും ശുചിത്വവും ഇവയ്ക്കത്യന്താപേക്ഷിതമാണ്.
സൈനികര്‍ക്ക് ഉന്നതഗുണനിലവാരമുള്ള പാല് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ 1889 ല്‍ തുടങ്ങിയതാണ് പട്ടാള പശു ഫാമുകള്‍. മീററ്റ്,അംബാല ,ശ്രീനഗര്‍,ജാന്‍സി ,ലക്‌നൗ ഉള്‍പ്പെടെ 39 സ്ഥലങ്ങളിലായി സൈന്യത്തിന് ഇത്തരം ഫാമുകളുണ്ട്.
20000 ഏക്കര്‍ ഭൂമിയിലാണ് ഫാമുകള്‍ സ്ഥിതിചെയ്യുന്നത്. 57,000 ജവാന്മാരാണ് ഈ ഫാമുകളില്‍ ജോലി ചെയ്യുന്നത്. പശുക്കള്‍ വില്‍ക്കപ്പെടുന്നതോടുകൂടി സൈനികരെ മറ്റു സൈനികആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ചെലവിനേക്കാള്‍ കുറവാണ് വരുമാനം.
ഒരര്‍ത്ഥത്തില്‍ വലിയ നഷ്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഫാമുകള്‍ ഇല്ലാതാകുന്നതോടെ 20000 ഏക്കര്‍ ഭൂമി സൈന്യത്തിന് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയുമെന്നതാണ് കണക്കുകൂട്ടല്‍.
എന്നാല്‍ പശുക്കളെ വില്‍ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആദ്യം അവയെ ലേലം ചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും സാധാരണക്കാര്‍ വാങ്ങാനെത്താത്തതോടെ അത് നടന്നില്ല. മറ്റൊന്ന് പശുക്കള്‍ അറവുശാലയിലേക്ക് പോകില്ല എന്നുറപ്പാക്കിയശേഷമാകും സൈന്യം വില്‍പ്പന നടത്തുക എന്നതാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ പശുക്കളെ 3 മാസത്തിനകം വില്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും അത് നടന്നില്ല. പശുക്കളെ വാങ്ങാന്‍ ആളില്ലാതെവന്നതോടുകൂടിയാണ് വില ഒരു പശുവിന് വെറും 1000 രൂപയാക്കി കുറച്ചത്. അപ്പോഴും പ്രതീക്ഷിച്ച പ്രതികരണം കിട്ടിയിട്ടില്ല. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തങ്ങളുടെ ഫാം ഹൗസുകളിലേക്കായി സൈന്യത്തില്‍ നിന്നും ഒരു പശുവിന് 1000 രൂപ വിലവച്ച് 500 പശുക്കളെ വാങ്ങിക്കഴിഞ്ഞു.
Discussion about this post