ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ തെരുവിൽ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ചും വർധിച്ചു വരുന്ന തൊഴിലില്ലായ്മയെ ചൊല്ലിയും കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോൺഗ്രസാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഇന്നലെ ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ന്യൂഡൽഹിയിലെ വസതിയിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. വസതിയിലെത്തുന്നതിന് മുമ്പേ യൂത്ത് കോൺഗ്രസ് മാർച്ചിനെ പോലീസ് തടഞ്ഞു.
സാമ്പത്തിക വ്യവസ്ഥയും തൊഴിലും ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ച് കേന്ദ്രസർക്കാർ കാര്യമായി എന്തെങ്കിലും ചെയ്തേ മതിയാവൂവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് പറഞ്ഞു. കോൺഗ്രസും ഒക്ടോബർ മാസത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മുൻനിർത്തി ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൻമോഹൻ സിങും സോണിയാ ഗാന്ധിയുമാണ് ഈ പ്രക്ഷോഭത്തെ നയിക്കുക.
നേരത്തെ, റിസർവ് ബാങ്കിൽ നിന്ന് പിടിച്ചെടുത്ത തുക കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണെന്ന് സിപിഎമ്മും ആരോപിച്ചിരുന്നു. ആദായ നികുതി നിയമം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവുകൾ കോർപ്പറേറ്റുകളെ കൊഴുപ്പിക്കുന്നതും ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്നതുമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post