തിരുവനന്തപുരം: കന്യാകുമാരിയിലെ തിരുവട്ടാര്‍ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ക്ക് തടവുശിക്ഷ. കേസിലെ 23 പ്രതികളെ നാഗര്‌കോവില് ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതി 6 വര്ഷം വരെ തടവിനാണ് ശിക്ഷിച്ചത്. 1992ല്‍ തിരുവാഭരണം കവര്‍ന്ന കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വിധി പറയുന്നത്. സംഭലത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും ജീവനക്കാരെയുമാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ അകലെ മാര്‍ത്താണ്ഡത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസാദത്തട്ടില്‍ വെച്ച് പലത്തവണകളായി പൂജാരിയും ജീവനക്കാരും ചേര്‍ന്ന് കവര്‍ന്നത് 12 കിലോ സ്വര്‍ണ്ണമാണ്. അന്നത്തെ വില അനുസരിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന 12 കിലോ സ്വര്‍ണ്ണവും കിരീടവും മുത്തു മാലകളുമാണ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത്.
പ്രസാദത്തട്ടില്‍ സ്വര്‍ണ്ണം കടത്തിയത് ഭക്തര്‍ കണ്ടതോടെയാണ് തമിഴ്‌നാട്ടിനെ ഞെട്ടിച്ച സ്വര്‍ണ്ണ കടത്ത് പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ഭക്തര്‍ പരാതി നല്‍കുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ 1992 ജൂണില്‍ കേസ് സിബിസിഐഡിക്ക് കൈമാറി. പൂജാരിമാരും ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.ആദ്യം പൂജാരി കൃഷ്ണന്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്തു.
ഭാര്യക്ക് നല്‍കാന്‍ സ്വര്‍ണ്ണം കടത്തിയ കേശവന്‍ പോറ്റി ആത്മഹത്യ ചെയ്തു. ഭാര്യ കൃഷ്ണമാള്‍ പ്രതിയായി. മൊത്തം 34 പ്രതികളുണ്ടായിരുന്നു. 1995ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിധി വന്നപ്പോള്‍ 23 പേരെ ജീവനോടെ ബാക്കിയുള്ളു. 14 പേര്‍ക്ക് 6 വര്‍ഷവും 9 പേര്‍ക്ക് 3 വര്‍ഷവും തടവാണ് നാഗര്‍കോവില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. കൃഷ്ണമാള്‍ക്ക് 6 വര്‍ഷം തടവാണ് ശിക്ഷ.