‘പെൺകുട്ടിയെ കൊണ്ട് ഭീഷണിപ്പെടുത്തി മസാജ് ചെയ്യിപ്പിച്ചിട്ടുണ്ട്; കൂടുതൽ കാര്യങ്ങൾ പറയാൻ നാണക്കേടുണ്ട്’; അന്വേഷണസംഘത്തോട് ഏറ്റുപറഞ്ഞ് ചിന്മയാനന്ദ്

താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ.

ഷാജഹാൻപൂർ: നിയമവിദ്യാർത്ഥിനിയുടെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ കാര്യങ്ങൾ പുറത്ത്. നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയെക്കൊണ്ട് ഭീഷണിപ്പെടുത്തി ശരീരം മസാജ് ചെയ്തിട്ടുണ്ടെന്ന് ചിന്മയാനന്ദ കുറ്റസമ്മതം നടത്തി. താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

‘വിദ്യാർത്ഥിനിയുടെ ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ്. നിഷേധിക്കുന്നില്ല. വിദ്യാർത്ഥിനിയോട് തുടർച്ചയായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു’ കൂടുതൽ കാര്യങ്ങൾ പറയാൻ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ നവീൻ അറോറ വ്യക്തമാക്കി.

നിയമവിദ്യാർത്ഥിനി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു.

Exit mobile version