ബംഗളുരു: രാജ്യത്ത് പെരുകി വരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന എന്‍ എസ് യു ഐ. പഴങ്ങളും പച്ചക്കറി വിറ്റും ഷൂ പോളിഷ് ചെയ്തുമൊക്കെയാണ് എന്‍ എസ് യു ഐ പ്രതിഷേധമറിയിച്ചത്. എന്‍ എസ് യു ഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.
കര്‍ണാടകയിലെ ശിവമോഗയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍
പഴങ്ങളും പച്ചക്കറികളുമായി എത്തി പ്രതിഷേധം നടത്തുകയായിരുന്നു. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്ലാതെ വലയുന്നതെന്നും രൂക്ഷമാകുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെയാണ് പ്രതിഷേധമെന്നും എന്‍എസ് യുഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
ഓട്ടോമൊബൈല്‍ രംഗത്തെ തകര്‍ച്ചയും മുന്നിര്‍ത്തിയായിരുന്നു പ്രതിഷേധം. രാജ്യത്ത് കാറുകളുടെയും ട്രക്കുകളുടെയും വില്‍പ്പന കുറഞ്ഞെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും കയ്യില്‍ കാശില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഷോപ്പിങ് മാളുകള്‍ മരുഭൂമികളായി. ജിഡിപി വളര്‍ച്ച അഞ്ചു ശതമാനമായി കുറഞ്ഞു. വാഹനത്തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നു, തൊഴിലുമില്ല, സര്‍ക്കാരുമില്ലെന്നും എന്‍ എസ് യു ഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Discussion about this post