ന്യൂഡൽഹി: ഒരേ കോളേജിൽനിന്ന് ഒരേക്ലാസിൽ പഠിച്ച് ഒരേ വർഷം നിയമബിരുദം പൂർത്തിയാക്കിയ നാലുപേർ ഇനി സുപ്രീംകോടതിയിൽ ഒരുമിച്ചുണ്ടാകും. അന്നത്തെ നാലുപേരിൽ രണ്ടുപേർ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിമാരാണ്. ഇനിയുള്ള രണ്ടുപേരാകട്ടെ നിയുക്ത സുപ്രീം കോടതി ജഡ്ജിമാരും. ഈ രണ്ടുപേർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പരമോന്നത കോടതിയിൽ ഒരു അപൂർവ സംഗമത്തിന് വേദിയാവും.
നിയുക്ത ജസ്റ്റിസുമാരായ ഹൃഷികേശ് റോയി, എസ് രവീന്ദ്ര ഭട്ട്, സിറ്റിങ് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കെ കൗൾ എന്നിവരെ കുറിച്ചാണ്. 1982 ൽ ഡൽഹി സർവകലാശാലയിലെ ക്യാമ്പസ് ലോ സെന്ററിൽനിന്ന് നിയമബിരുദം വിജയകരമായി പൂർത്തിയാക്കിയവരാണ് ഈ നാലുപേരും. ക്ലാസ് മുറിയിലെ ബെഞ്ചിൽനിന്ന് സുപ്രീം കോടതിയിലെ ബെഞ്ചിലേക്ക്ഒരുമിച്ച് എത്തിയിരിക്കുകയാണ് ഇവർ.
ജസ്റ്റിസ് ചന്ദ്രചൂഡാണ് ഇവരിൽ ആദ്യം സുപ്രീം കോടതിയിലെത്തിയത്. 2016 മേയിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്. സഞ്ജയ് കൗൾ 2017ൽ സുപ്രീം കോടതിയിലെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഹൃഷികേശ് റോയിയെയും രവീന്ദ്രഭട്ടിനെയും സുപ്രീം കോടതി ജസ്റ്റിസുമാരാക്കി ഉയർത്തിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തെത്തിയത്. ഹൃഷികേശ് റോയി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു.
Discussion about this post