ലഖ്നൗ: ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനി നൽകിയ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷൽ കസ്റ്റഡിയിൽ വിട്ടു. യുപി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ ഷാജഹാൻപൂർ ജയിലേക്ക് മാറ്റി. എന്നാൽ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പെൺകുട്ടി രോഷാകുലയായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ കരുത്തരായ നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പോലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്യാത്തത് വൻപ്രതിഷേധത്തിന് കാരണമായിരുന്നു.
73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്.
Discussion about this post