ന്യൂഡൽഹി: എൽഐസിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പോളിസി ഹോൾഡർമാരുടെ നിക്ഷേപമായ 10.5 ലക്ഷം കോടി രൂപ പണം ഐഡിബിഐ ബാങ്കിനായി കേന്ദ്രസർക്കാർ നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. ഐഡിബിഐ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാനായാണ് കേന്ദ്രം എൽഐസിയുടെ പണം നൽകിയതെന്ന ആരോപണവുമായി കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ അജയ് മാക്കൻ ആണ് രംഗത്തെത്തിയത്. എൽഐസിയിൽ പോളിസി ഹോൾഡർമാർ നിക്ഷേപിച്ച തുക കേന്ദ്രം ഉപയോഗിക്കുകയും ഇതുവഴി എൽഐസിയെ പ്രതിസന്ധിയിലാക്കി എന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
എൽഐസി നിക്ഷേപിച്ച 21000 കോടി രൂപ ഐഡിബിഐ ബാങ്കിന് കേന്ദ്രം നൽകുകയായിരുന്നെന്നാണ് അജയ്മാക്കൻ പറയുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ പണവും കേന്ദ്രം കൈപ്പറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു. ‘ഞാനും നിങ്ങളും അടക്കം എൽഐസിയിൽ നിക്ഷേപിക്കുകയും അവർ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്ത 10.5 ലക്ഷം കോടി രൂപ കേന്ദ്രം കൊള്ളയടിച്ചു.’ അജയ് മാക്കൻ ആരോപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആർബിഐ ഹാൻഡ്ബുക്കിൽ ചില വെളിപ്പെടുത്തൽ ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
‘1956-2014 മുതൽ എൽഐസിയുടെ പൊതുമേഖലയിലെ മൊത്തം നിക്ഷേപം 11.94 ലക്ഷം കോടി രൂപയാണ്. എന്നാൽ 2015 മുതൽ 2019 വരെ ഇത് 22.64 ലക്ഷം കോടിയായി അതായത്, ഇരട്ടിയോളമോ അല്ലെങ്കിൽ 10.7 ലക്ഷം കോടി രൂപയുടെ വർധനയോ ഇതിൽ ഉണ്ടായിട്ടുണ്ട്.’ അജയ് മാക്കൻ പറഞ്ഞു. 2018-ൽ ഐഡിബിഐ ബാങ്കിൽ എൽഐസി 21000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതായത് 51 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസത്തിന്റെ തുടക്കത്തിൽ 9,300 കോടി രൂപ ഐഡിബിഐയിൽ നിക്ഷേപിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിൽ 4743 കോടി രൂപ എൽഐസിയിൽ നിന്നുള്ളതാണെന്നും അജയ് മാക്കൻ വിശദീകരിച്ചു.
Discussion about this post