ബംഗളൂരു: സോഫ്റ്റ് ലാൻഡിങ് അവസാന നിമിഷം പാളിയതോടെ ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ എന്നന്നേക്കുമായി ഉറക്കത്തിലായേക്കും. വിക്രം ലാൻഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാൻ റോവറിന്റെയും ബാറ്ററിയുടെ ആയുസ് നാളെ തീരും.
ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകൽ നാളെ അവസാനിക്കുന്നതിനാൽ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സോളർ പാനലുകൾക്ക് സൗരോർജം തുടർന്നു ലഭിക്കില്ല. ഇതോടെ ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങൾക്കും അവസാനമാകും.
ലാൻഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രപകൽ) ആയുസായി കണക്കാക്കിയിരുന്നത്. ഇതോടെ, പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യൻ ജനത നൽകിയ പിന്തുണയ്ക്ക് ഇസ്‌റോ നന്ദി രേഖപ്പെടുത്തി.
‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്‌റോ ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുറിച്ചു.