അനന്ത്പുര്‍: ഹനുമാന്‍ പ്രതിമയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമയും ആരാധിച്ച് ബീഹാറിലെ ഗ്രാമീണര്‍. അനന്ത്പുറിലെ പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിലാണ് ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം നരേന്ദ്രമോഡിയുടെ പ്രതിമയും ഗ്രാമവാസികള്‍ സ്ഥാപിച്ചത്.
പ്രധാനമന്ത്രി തങ്ങള്‍ക്ക് ദൈവമാണെന്നാണ് അനന്ത്പുറിലെ 500 ലേറെ വരുന്ന ഗ്രാമവാസികള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ 69ാം ജന്മദിനമായ ഇന്നലെയാണ് ഹനുമാന്റെ പ്രതിമയ്ക്ക് തൊട്ടരികില്‍ മോഡിയുടെ പ്രതിമയും സ്ഥാപിച്ചത്.
ക്ഷേത്രത്തില്‍ എത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ മോഡിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴ്ത്തിക്കെട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ ഗ്രാമവാസികളുടെ ദൈവമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ ഗ്രാമത്തില്‍ ടാര്‍ റോഡ് നിര്‍മ്മിച്ച ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് അദ്ദേഹത്തെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.