ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ മലക്കം മറിഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഒരു രാജ്യം, ഒരു ഭാഷ’ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി അമിത്ഷാ രംഗത്തെത്തിയത്. മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് അമിത് ഷായുടെ പുതിയ വിശദീകരണം.
മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷയ്ക്ക് ശേഷം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാന്‍ മാത്രമേ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഉച്ചകോടിയില്‍ അമിത് ഷാ വ്യക്തമാക്കി.
താന്‍ തന്നെ ഹിന്ദി സംസാരിക്കാത്ത ഗുജറാത്തില്‍ നിന്നാണ് വരുന്നത്. ചിലര്‍ അതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്കതിന് സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തണമെന്നും അവയുടെ ആവശ്യകത മനസ്സിലാക്കണമെന്നും താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഒരു കുട്ടിക്ക് മാതൃഭാഷയില്‍ പഠിച്ചാല്‍ മാത്രമേ നന്നായി പഠിക്കാന്‍ കഴിയൂ. തന്റെ ഗുജറാത്തിലും സംസ്ഥാന ഭാഷകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്ത് അത്തരമൊരു ഭാഷ ഉണ്ടായിരിക്കണം. നിങ്ങള്‍ രണ്ടാം ഭാഷ പഠിക്കുകയാണെങ്കില്‍ ഹിന്ദി പഠിക്കുക. ഇതാണ് താന്‍ അഭ്യര്‍ത്ഥിച്ചത്. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദി ദിനത്തോടനുബന്ധിച്ചായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നും രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരും മാതൃഭാഷയോടൊപ്പം ഹിന്ദിയും സംസാരിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Discussion about this post