ജെഎന്‍യുവില്‍ ഇടത് തരംഗം: തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനാ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് തകര്‍പ്പന്‍ വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് ലെഫ്റ്റ് യൂണിറ്റി സ്ഥാനാര്‍ത്ഥി ഐഷെ ഘോഷ് മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ സര്‍വകലാശാല ഫലപ്രഖ്യാപനം നടത്തിയത്.

എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 2313 വോട്ടുകളാണ് ഐഷെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്സയും എബിവിപിയുമായുള്ള വോട്ട് വ്യത്യാസം വെറും 6 മാത്രം. ജിതേന്ദ്ര സുനയായിരുന്നു ബാപ്സ സ്ഥാനാര്‍ത്ഥി.

ഇടത് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്‍ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂണിന് 3365 വോട്ടുകള്‍ കിട്ടിയപ്പോള്‍ എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രിക്ക് കിട്ടിയത് 1335 വോട്ടുകള്‍ മാത്രമാണ്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇടത് കൂട്ടായ്മയുടെ സതീഷ് യാദവാണ്. കിട്ടിയത് 2518 വോട്ടുകള്‍. എന്നാല്‍ എബിവിപിയുടെ ശബരീഷ് പി എ യ്ക്ക് ലഭിച്ചത് 1355 വോട്ടുകള്‍ മാത്രമാണ്. ബാപ്സയ്ക്ക് തന്നെയാണ് ഇവിടെയും മൂന്നാം സ്ഥാനം. 1232 വോട്ടുകള്‍.

ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് ഡാനിഷാണ്. കിട്ടിയത് 3295 വോട്ടുകള്‍. എബിവിപി സ്ഥാനാര്‍ത്ഥി സുമന്ത ബസു ബഹുദൂരം പിന്നിലായിരുന്നു. കിട്ടിയത് 1508 വോട്ടുകള്‍ മാത്രം.

ഇടത് പാര്‍ട്ടികളായ ഐസയും എസ്എഫ്ഐയും ഡിഎസ്എഫും എഐഎസ്എഫും ഒന്നിച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

അകാരണമായി തങ്ങളുടെ പത്രിക തള്ളിയെന്ന് ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 8 ന് നടക്കേണ്ട ഫലപ്രഖ്യാപനം 17ലേക്ക് നീണ്ടത്. ജസ്റ്റിസ് സച്ച്‌ദേവയാണ് ഫലം പ്രഖ്യാപനത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Exit mobile version