ജയ്പൂർ: രാജസ്ഥാനിൽ ആറ് ബിഎസ്പി എംഎൽഎമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ചതിയൻമാർ എന്നായിരുന്നു എംഎൽഎമാരെയും കോൺഗ്രസിനേയും മായാവതി വിളിച്ചധിക്ഷേപിച്ചത്.
”കോൺഗ്രസ് എല്ലായ്പ്പോഴും ബിആർ അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും എതിരാണ്. അതിനാലാണ് അംബേദ്കറിന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. കോൺഗ്രസ് അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി പോലും നൽകിയില്ല, അത് ദു:ഖകരവും ലജ്ജാകരവുമാണ്,” മായാവതി ട്വീറ്റ് ചെയ്തു.
”രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടി, ബിഎസ്പി എംഎൽഎമാർക്കിടയിൽ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വിശ്വാസവഞ്ചനയും ചതിയും ഒരിക്കൽ കൂടി നടത്തിയിരിക്കുകയാണെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് അവരുടെ കടുത്ത എതിരാളികളോട് പോരാടുന്നതിനുപകരം, അവരെ പിന്തുണയ്ക്കുന്ന പാർട്ടികളെ എല്ലായ്പ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.
ബിഎസ്പിയുടെ രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖാൻ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോൺഗ്രസിലേക്ക് എത്തിച്ചത്.