മുംബൈ: പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയിലെ ആയിരക്കണക്കിന് തൊഴിലാളികൾ സമരത്തിൽ. കമ്പനി പുതുതായി അവതരിപ്പിച്ച ഇൻസെന്റീവ് സ്‌കീമിനെതിരെയാണ് തൊഴിലാളികളുടെ സമരം. പ്രതിഷേധം വെളിപ്പെടുത്തി മുംബൈയിലെയും ബംഗളൂരുവിലേയും ആയിരക്കണക്കിന് തൊഴിലാളികൾ ഇന്നലെ സമരത്തിനിറങ്ങുകയായിരുന്നു. പുതിയ സ്‌കീം പ്രകാരം ഒരു ഡെലിവറിക്ക് ഇവർക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുക. ഇതാണ് തൊഴിലാളികളെ പ്രയാസത്തിലാക്കുന്നത്.
പുതുക്കിയ സ്‌കീം പ്രകാരം സൊമാറ്റോ ഡെലിവറിയുടെ പ്രതിഫലം ബംഗളൂരുവിൽ 40 രൂപയിൽ നിന്ന് 30 രൂപയായി കുറച്ചു. മുംബൈയിലും സമാനമായി തുക വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം, തൊഴിലാളികളുടെ പരാതി കേൾക്കാൻ ഈ ആഴ്ചയിൽ തന്നെ ചർച്ച നടത്തുമെന്നും സൊമാറ്റോ അറിയിച്ചു.
പുതിയ സ്‌കീം പ്രകാരം തൊഴിലാളികൾക്ക് നേരത്തെ ലഭിച്ചിരുന്ന ഇൻസെന്റീസ് ലഭിക്കണമെങ്കിൽ അവർ കൂടുതൽ ഡെലിവറികൾ ചെയ്യേണ്ടിവരുമെന്ന് സമരം നടത്തുന്ന ഡെലിവറി എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി. നേരത്തെ സൊമാറ്റോ 541 തൊഴിലാളികളെ പിരിച്ചു വിട്ടത് ഏറെ ചർച്ചയായിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ 10 ശതമാനം തൊഴിലാളികളെ ആയിരുന്നു കമ്പനി പിരിച്ചു വിട്ടത്. പിരിച്ചുവിട്ടതിനു ശേഷം കമ്പനിയിലെ ജീവനക്കാർ ഏകദേശം 5000 പേരോളമാണ്.
Discussion about this post