ചിത്രദുര്‍ഗ: താഴ്ന്ന ജാതിയില്‍ പെട്ട എംപിക്ക് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ച് ഗ്രാമവാസികള്‍. കര്‍ണാടകത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട എംപിക്ക് പ്രവേശനം നിഷേധിച്ചത്. ചിത്രദുര്‍ഗയിലെ ബിജെപി എംപി എ നാരായണസ്വാമിയെയാണ് സ്വന്തം മണ്ഡലത്തില്‍ പ്രവേശിക്കുന്നത് പ്രദേശവാസികള്‍ തടഞ്ഞത്.
തുംകുര്‍ ജില്ലയിലെ പവഗട താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം. ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ളവരും ഉള്‍പ്പെടുന്ന സംഘവുമായി ഗൊള്ള സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഗൊള്ളരഹാട്ടി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എംപിയെ പ്രദേശവാസികള്‍ തടഞ്ഞത്. ഗൊള്ളരഹാട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് നാട്ടുകാരുമായുള്ള തര്‍ക്കത്തിന് ശേഷം എംപി സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണ സീറ്റാണ് ചിത്രദുര്‍ഗ ലോക്‌സഭാ മണ്ഡലം. അതെസമയം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. എംപിയെ തടഞ്ഞത് ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.