ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ക്ക് പലരൂപത്തിലാണ് പോലീസ് പിഴ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ ഓട്ടോ ഡ്രൈവറില്‍ നിന്ന് വരെ പോലീസ് പിഴ ഈടാക്കിയിരുന്നു. ഇപ്പോള്‍ സ്വന്തം കൃഷി സ്ഥലത്ത് കാളവണ്ടി നിര്‍ത്തിയിട്ടതിന്റെ പേരില്‍ ഉടമയ്ക്ക് പിഴ ചുമത്തിയ പോലീസിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഡെറാഡൂണിലെ സഹാസ്പൂരിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്. റിയാസ് ഹസന്‍ സ്വന്തം കൃഷി സ്ഥലത്തിന് അടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പ്രദേശത്ത് രാത്രി സബ് ഇന്‍സ്പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാളവണ്ടി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാരോട് ഉടമയെ അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ വാഹന ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ഉടമക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍ ഇത് ചോദ്യം ചെയ്ത റിയാസ് സ്വന്തം വയലിനു പുറത്ത് തന്റെ വാഹനം നിര്‍ത്തിയതിന് എങ്ങനെ പിഴ ഈടാക്കുമെന്നും കാളവണ്ടികള്‍ എംവി ആക്ടില്‍ ഉള്‍പെടില്ലെന്നിരിക്കെ എംവി ആക്ട് അനുസരിച്ച് പിഴ ഈടാക്കിയത് എന്തിനാണെന്നും ചോദിച്ചു. ഇതോടെ അമളി പറ്റിയത് മനസിലാക്കിയ പോലീസ് ചലാന്‍ റദ്ദാക്കി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രദേശത്ത് അനധികൃത മണല്‍ ഖനനം നടക്കുന്നുണ്ടെന്നും ഇവിടെ മണല്‍ കടത്തിന് കാളവണ്ടികള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുകൊണ്ടാണ് റിയാസിന്റെ വണ്ടിക്കെതിരെ നടപടി എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post