കാറിന്റെ പഞ്ചറായ ടയര്‍ മാറ്റാന്‍ ഡ്രൈവറെ സഹായിക്കാന്‍ ഇറങ്ങി; എതിരെ വന്ന ബസ് ഇടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു ദാരുണമായ അപകടം നടന്നത്.

പുനെ: കാറിന്റെ പഞ്ചറായ ടയര്‍ മാറ്റി ഇടാന്‍ ഡ്രൈവറെ സഹായിക്കാന്‍ ഇറങ്ങിയ ഡോക്ടര്‍ എതിരെ വന്ന ബസ് ഇടിച്ചു മരിച്ചു. ഡ്രൈവറും അപകടത്തില്‍ മരണപ്പെട്ടു. ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന ബസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു ദാരുണമായ അപകടം നടന്നത്. നട്ടെല്ല് വിദഗ്ധനും അറിയപ്പെടുന്ന ഡോക്ടറുമായ കേതന്‍ കുര്‍ജേക്കറാണ്(44) അപകടത്തില്‍ മരണപ്പെട്ടത്. മറ്റ് രണ്ട് സഹപ്രവര്‍ത്തകരോടൊപ്പം മുംബൈയില്‍ നിന്ന് പുനെയിലേക്ക് പോകുകയായിരുന്നു കേതന്‍. തലേഗാവ് പരിസരത്തെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ഒരു ടയര്‍ പഞ്ചറായി.

റോഡരികില്‍ കാര്‍ ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ ടയര്‍മാറ്റുന്നതിനിടെ ഡോക്ടറും സഹായിക്കാനിറങ്ങുകയായിരുന്നു. അതേ സൈഡിലെത്തിയ സ്വകാര്യബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മികച്ച ഡോക്ടര്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് കുര്‍ജേക്കര്‍. ഏകദേശം 3500ഓളം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ നടത്തി പ്രശസ്തനായ ഡോക്ടറാണ് അദ്ദേഹം.

Exit mobile version