ചെന്നൈ: ഒരു ഫ്‌ളകസ് തങ്ങളുടെ ഏക മകളുടെ ജീവന്‍ കവര്‍ന്നതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും കുടുംബം മുക്തമായില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തങ്ങളുടെ മകളെ നഷ്ടപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. പോലീസ് നടപടി കാര്യക്ഷമമല്ലെന്നും നിയമപോരാട്ടം തുടരുമെന്നും ശുഭശ്രീയുടെ അച്ഛന്‍ രവി പറയുന്നു.
കാനഡയിലെ ഉപരിപഠനം ആയിരുന്നു ശുഭശ്രീയുടെ മനസുനിറയെ എന്ന് അമ്മ നിറകണ്ണുകളോടെ പറഞ്ഞു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു ശുഭശ്രീ. കാനഡയിലെ ഉപരിപഠനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങക്കിടെയാണ് ശുഭശ്രീ ദാരുണമായി മരണപ്പെട്ടത്. ഐഎല്‍ടിഎസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശുഭയുടെ ജീവനെടുക്കാനായി ഒരു ഫ്‌ളക്‌സ് സ്‌കൂട്ടറിന് മുകളില്‍ വീണത്.
ഫ്‌ളക്‌സ് പൊട്ടി തലയിലേക്ക് വീഴുകയും പിന്നാലെ വന്ന ടാങ്കര്‍ സ്‌കൂട്ടറിലിടിക്കുകയും ചെയ്താണ് ശുഭശ്രീ മരണപ്പെടാന്‍ കാരണമായത്. തലയ്ക്ക് സാരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. അണ്ണാ ഡി എംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യമായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡ്.
സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് അണ്ണാഡി എംകെ നേതാവ് ജയഗോപാലിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ജയഗോപാലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് മടിക്കുകയാണെന്നും തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്‌ളക്‌സുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ശുഭശ്രീയുടെ പിതാവ് രവി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് രവി.
Discussion about this post