ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിച്ചിട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ 5 വര്‍ഷമായി വാഗ്ദാനലംഘനം മാത്രം നടത്തുകയാണ് ബിജെപി സര്‍ക്കാരെന്ന് അദ്ദേഹം പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
‘വസുന്ധര രാജെ 611 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ നല്‍കിയത്. അതില്‍ എത്രത്തോളം അവര്‍ പാലിച്ചു?’ 15 ലക്ഷം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പറഞ്ഞു. അതെല്ലാം എവിടെപ്പോയി. വാഗ്ദാനങ്ങള്‍ മറന്നുപോയ സര്‍ക്കാരാണിത്. ഒരു വനിതാ മുഖ്യമന്ത്രിയുള്ള സംസ്ഥാനത്താണ് ദിവസവും 8-10 ബലാത്സംഗങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി രാജസ്ഥാനില്‍ നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് തുടര്‍ഭരണത്തിന് അവസരം കിട്ടിയിട്ടില്ല. പുറത്തുവന്ന അഭിപ്രായസര്‍വേകളിലും കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തോട് അദ്ദേഹം മൗനം പാലിച്ചു.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ആജ്ഞാപിച്ചത് കൊണ്ടും മുതിര്‍ന്ന നേതാവ് അശോക് ഗെഹേ്ലാട്ട് പറഞ്ഞതു കൊണ്ടുമാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.