സാൻഫ്രാൻസിസ്‌കോ: ആഗോള ഓൺലൈൻ ടാക്‌സി ഭീമനായ ഊബറിന്റെ ആപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇന്ത്യക്കാരന് ലക്ഷങ്ങൾ പാരിതോഷികം. സൈബർ സുരക്ഷാ ഗവേഷകനായ ആനന്ദ് പ്രകാശിനാണ് 4.6 ലക്ഷം രൂപ പാരിതോഷികമായി ഊബർ നൽകിയത്. ഊബർ ആപ്പിലെ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തതോടെ ഏതൊരാളുടെയും ഊബർ അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന വീഴ്ച പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചു.
ഊബർ ആപ്പിലെ എപിഐ റിക്വസ്റ്റ് ഫങ്ഷനിലാണ് ഈ വീഴ്ചയുണ്ടായിരുന്നത്. വിവരം ലഭിച്ചയുടൻ സുരക്ഷാവീഴ്ച പരിഹരിച്ചതായി ഊബർ അറിയിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ ഗവേഷകർക്കായി 20 ലക്ഷം ഡോളർ നൽകുന്നുണ്ടെന്നും ഊബർ അറിയിച്ചു.
നേരത്തെ, ഊബർ സംവിധാനത്തിൽ കടന്നുകയറി സൗജന്യമായി യാത്ര ചെയ്യാവുന്ന സുരക്ഷാവീഴ്ചയും ആനന്ദ് കണ്ടെത്തിയിരുന്നു.