മുംബൈ: ഒരുകാലത്ത് മാഗി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിഷമയമായ വസ്തുക്കളെ കൊണ്ടും അവ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കൊണ്ടുമാണ്. എന്നാലിപ്പോള്‍ മാഗി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാലത് കമ്പനി മുന്നോട്ടു വെച്ച നല്ലൊരു കാര്യം കൊണ്ടാണ്. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വിപത്തായ പ്ലാസ്റ്റിക് മാലിന്യം കുറക്കാന്‍ ഒരു പോംവഴിയുമായാണ് മാഗി ഇത്തവണ എത്തിയിരിക്കുന്നത്.
പത്ത് കവര്‍ മാഗി കടകളില്‍ നല്‍കിയാല്‍ ഒരു മാഗി പായ്ക്കറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാഗി കവറുകള്‍ പരിസരത്ത് ഉപേക്ഷിക്കുന്നത് മൂലം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് ഇതൊരു പ്രതിവിധിയാണ്. ഉപഭോക്താക്കള്‍ നല്‍കുന്ന കാലി മാഗി പാക്കറ്റുകള്‍ ഇന്ത്യന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ അസോസിയേഷനുമായി ചേര്‍ന്ന് ഇവ സംസ്‌കരിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമാകുന്ന ആദ്യ മൂന്ന് ഉത്പന്നങ്ങളില്‍ ഒന്നാമതാണ് മാഗി. ലെയ്സ് പായ്ക്കറ്റ്, ഫ്രൂട്ടി കവര്‍ എന്നിവയാണ് മറ്റ് രണ്ടു ഉത്പന്നങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായതുകൊണ്ട് തന്നെ അവ ഉപയോഗിച്ച ശേഷം കവറുകള്‍ അലക്ഷ്യമായ വലിച്ചറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.