പട്‌ന: ‘ഏറ്റവും വലിയ സമ്പാദ്യം പെണ്‍കുഞ്ഞും ജലവും വനവും’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുതിയ മുദ്രാവാക്യവുമായി ബിജെപി. സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചരണത്തെ പിന്തുണച്ചു കൊണ്ടുള്ളതാണ് പുതിയ പ്രചാരണത്തിന് ലക്ഷ്യമിടുന്നത്.
പുതിയ കാമ്പയിനിന്റെ ഭാഗമായി പ്രദേശത്ത് ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിക്കും. ശേഷം പാവപ്പെട്ടവരുടെ ഇടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ വിഭാഗം ദേശീയ കണ്‍വീനര്‍ രാജേന്ദ്ര ഫാഡ്‌കെയാണ് ഇക്കാര്യം അറിയിച്ചത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനും പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഏറ്റവും വലിയ സമ്പാദ്യം പെണ്‍കുഞ്ഞും ജലവും വനവുമാണ് എന്ന മുദ്രാവാക്യം അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 17നാണ് മോഡിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ സേവന ആഴ്ചയായി ആചരിക്കും.