ചെന്നൈ: അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലെക്‌സ് പൊട്ടിവീണു സ്‌കൂട്ടര്‍ യാത്രക്കാരി ശുഭശ്രീ മരിച്ചതിന് പിന്നാലെ മാതൃകാ തീരുമാനവുമായി സിനിമാതാരങ്ങല്‍ രംഗത്ത്.
സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ആരാധകര്‍ ഫ്‌ലക്‌സുകള്‍ വയ്ക്കരുതെന്ന് നടന്മാരായ മമ്മൂട്ടി, വിജയ്, സൂര്യ, അജിത്ത് തുടങ്ങിയവര്‍ ആരാധകരോട് ആഹ്വാനം ചെയ്തു. തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും ഒഴിവാക്കണമെന്നും തമിഴ് താരങ്ങള്‍ ആവശ്യപ്പെട്ടു.
റിലീസിനൊരുങ്ങുന്ന ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പരസ്യത്തിനായി ഫ്‌ലെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.
പള്ളിക്കരണിയില്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് പൊട്ടിവീണാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ എന്‍ജിനീയര്‍ ശുഭശ്രീ മരിച്ചത്. ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി നേരിട്ട് ഇടപെട്ടതോടെ ഫ്‌ലക്‌സ് ബോര്‍ഡ് സംസ്‌കാരത്തിന് തടയിടാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങി. ജനരോക്ഷവും ശക്തമായതോടെ അനധികൃത ബാനറുകള്‍ ഇനി അനുവദിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കോടതി സ്വരം കടുപ്പിച്ചതിനു പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പൊലീസും നടപടി സ്വീകരിച്ചു തുടങ്ങി. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയ അണ്ണാഡിഎംകെ കൗണ്‍സിലര്‍ ജയഗോപാലിനെതിരെ കേസെടുത്തതായി ചെന്നൈ പൊലീസ് അറിയിച്ചു.