ഇൻഡോർ: സാമ്പത്തിക മാന്ദ്യം നേരിടുന്ന രാജ്യത്തെ രക്ഷിക്കാൻ വിചിത്ര പ്രസ്താവനകളല്ല വേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോട് മുൻ ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. വിചിത്ര പ്രസ്താവനകൾ നടത്തിയതുകൊണ്ട് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നല്ലാതെ സാമ്പത്തികാവസ്ഥയിൽ പുരോഗതി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒല, ഊബർ എന്നീ ഓൺലൈൻ ടാക്സികളാണു വാഹന വിപണിയുടെ തകർച്ചയ്ക്കു കാരണമെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണു യശ്വന്ത് സിൻഹ രംഗത്തെത്തിയത്. ഒലയും ഊബറുമാണു വാഹനവിപണിയുടെ തകർച്ചയ്ക്കു കാരണമെങ്കിൽ എങ്ങനെയാണു ട്രക്കുകളുടെ വിൽപ്പന ഇടിഞ്ഞതെന്നു സിൻഹ ചോദിക്കുന്നു.
ദുബായിയിലേതുപോലെ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നതിനെയും സിൻഹ എതിർത്തു. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തികാവസ്ഥ വ്യത്യസ്തമാണെന്നും കർഷർക്കു പുരോഗതിയുണ്ടായാൽ മാത്രമെ ഇന്ത്യൻ സമ്പദ് രംഗത്തു മാറ്റമുണ്ടാകൂവെന്നും അദ്ദേഹം വിശദീകരിച്ചു. ജിഡിപി എട്ട് ശതമാനമെങ്കിലും വളരേണ്ടതുണ്ട്. എന്നാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 5% വളർച്ചയാണുള്ളത്. 3% കുറവുണ്ടായതിലൂടെ ആറുലക്ഷം കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post