ന്യൂഡൽഹി: ആത്മഹത്യ സംബന്ധിച്ച വാർത്തകൾക്ക് അമിത പ്രധാന്യം നൽകി പ്രസിദ്ധീകരിക്കരുതെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. ഇത്തരം വാർത്തകൾ ചെയ്യുമ്പോൾ മാധ്യമങ്ങൾ ചില നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കാണിച്ച് പ്രസ് കൗൺസിൽ സർക്കുലർ ഇറക്കി. പ്രധാനമായും ആറ് മാർഗ നിർദേശങ്ങളാണ് മാധ്യമങ്ങൾക്ക് പ്രസ് കൗൺസിൽ നൽകുന്നത്.2017 മാനസികാരോഗ്യ ആക്ട് പ്രകാരം കൃത്യമായി പാലിക്കേണ്ട നിർദേശങ്ങളാണ് ഇവയെന്നാണ് പ്രസ് കൗൺസിൽ സർക്കുലറിൽ പറയുന്നത്.
പ്രധാന നിർദേശങ്ങൾ:
1. ആത്മഹത്യ വാർത്തകൾക്ക് അമിത പ്രധാന്യമോ, അവ ആവർത്തിച്ച് ഉപയോഗിക്കാനോ പാടില്ല
2. ആത്മഹത്യ എല്ലാ പ്രശ്‌നത്തിന് പരിഹാരമാണെന്നോ, അതിൽ താൽപ്പര്യമുണ്ടാക്കുന്ന രീതിയിലോ വാർത്ത നൽകരുത്. ആത്മഹത്യയെ ലളിതവത്കരിക്കരുത്
3. ആത്മഹത്യ രീതികൾ വിശദമാക്കി വാർത്ത നൽകരുത്
4. ആശ്ചര്യമുണ്ടാക്കുന്ന തലക്കെട്ടുകൾ ആത്മഹത്യ വാർത്തയ്ക്ക് നൽകരുത്
5. ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ ലിങ്കുകളോ ആത്മഹത്യ വാർത്തകളിൽ ഉപയോഗിക്കരുത്.
ഇതിനൊപ്പം തന്നെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അയാളുടെ അനുവാദം വേണമെന്നും പ്രസ് കൗൺസിൽ നിർദേശിക്കുന്നു