ഹൈദരാബാദ്: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് വ്യത്യസ്തമായ ബോധവത്കരണ രീതി സ്വീകരിച്ച് ഹൈദരാബാദ് പോലീസ്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കുകയും ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വാഹനമോടിച്ചവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ നല്കാന് സഹായിക്കുകയും ചെയ്തു കൊണ്ടായിരുന്നു പോലീസുകാര്‍ ശ്രദ്ധേയരായത്. ഹൈദരാബാദ് രചകൊണ്ട പോലീസുകാരാണ് വ്യത്യസ്തമായ ബോധവത്കരണ രീതി സ്വീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ശനിയാഴ്ചയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ ചരണ്‍ റാവു പുതിയ ആശയത്തിന് തുടക്കം കുറിച്ചത്. ഹെല്‍മറ്റ്, ലൈസന്‍സ് എന്നിവയ്ക്ക് പുറമേ പുകപരിശോധനയ്ക്കും പോലീസ് സഹായിക്കുന്നുണ്ട്. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന് സ്ഥാപിച്ചിട്ടുള്ള വാഹനം പോലീസുകാര്‍ സജ്ജമാക്കിയിട്ടുണ്ട്.
പുതുക്കിയ മോട്ടോര്‍ വാഹനനിയമപ്രകാരം ഗതാഗത നിമയലംഘനങ്ങള്‍ക്ക് രാജ്യത്ത് കര്‍ശനമായ പിഴകള്‍ ഈടാക്കുന്നത് തുടരുമ്പോള്‍ ഹൈദരാബാദ് പോലീസിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
Discussion about this post