ചണ്ഡീഗഡ്: ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്. ഹരിയാനയിലെ കൈതാളിലാണ് ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചത്.
സഹില്‍ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് പനിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൈതാളിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളാകുവാന്‍ തുടങ്ങി. പിന്നീട്, ചണ്ഡീഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
കൈതാളില്‍ നിന്ന് ചണ്ഡീഗഡില്‍ എത്തുന്നതു വരെ കുട്ടിയ്ക്ക് കൃത്രിമ ശ്വാസം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ യാത്രയ്ക്ക് മുമ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍ പറഞ്ഞതുപ്രകാരം 2800 രൂപ വാടകയ്ക്ക് ഒരു സ്വകാര്യ ആംബുലന്‍സ് ഒരുക്കിയാണ് കുട്ടിയുമായി ചണ്ഡീഗഡിലേക്ക് പുറപ്പെട്ടത്. ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടെന്ന് ഡ്രൈവര്‍ തറപ്പിച്ചു പറയുകയും ചെയ്തു.
പക്ഷേ, വാഹനം പെഹോവയിലെത്തിയതോടെ സിലിണ്ടറിലെ ഓക്സിജന്‍ തീരുകയും കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു. ആംബുലന്‍സില്‍ വേറെ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് ചെവിക്കൊണ്ടില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ചണ്ഡീഗഡിലെ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പേലീസ് കേസെടുത്തു.
Discussion about this post