ന്യൂഡൽഹി: ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇന്ത്യൻ ഭരണഘടനയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ വാദം. അതുകൊണ്ട് തന്നെ നരേന്ദ്ര മോഡിയുടെ കീഴിലെ എൻഡിഎ സർക്കാർ ഭരണഘടനയ്ക്ക് ശ്രേഷ്ഠമായ മൂല്യമാണ് കൽപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിയമങ്ങൾ അസാധുവാക്കുകയും മുത്തലാഖ്, സ്ത്രീ സുരക്ഷ തുടങ്ങിയ നിയമങ്ങൾ മോഡി സർക്കാർ പാസാക്കുകയും ചെയ്തു.
ജനങ്ങളുടെ പ്രശ്നങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഇതിനകം തന്നെ ബ്രിട്ടീഷ് ഭരണകാലത്തെ 1400 ഓളം നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്ന് നിയമ മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത ദശലക്ഷകണക്കിന് കേസുകൾ തീർപ്പാക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികൾ വിപുലപ്പെടുത്തും. അർബിട്രേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (എസിഐ) എന്ന പേരിൽ ഒരു സ്വതന്ത്ര തീർപ്പുകൽപ്പിക്കൽ സമിതി രൂപീകരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥത വഹിക്കുക, അനുരഞ്ജന ശ്രമങ്ങൾ നടത്തുക, മറ്റു ബദൽ തർക്ക പരഹാര സംവിധാനങ്ങളിലേർപ്പെടുക തുടങ്ങിയവക്ക് ഈ സമിതി പ്രോത്സാഹനം നൽകും. രാജ്യത്തെ കീഴ്കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് തുടങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post