ന്യൂഡൽഹി: മഹീന്ദ്ര കമ്പനി മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്‌മെന്റ് അറിയിച്ചു. വാഹനങ്ങൾക്ക് ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ എട്ടു മുതൽ പതിനാല് ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
തുടർച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 13 ദിവസത്തോളം മഹീന്ദ്ര നിർമ്മാണം നിർത്തിവെച്ചിരുന്നു. വാഹനത്തിന് ഡിമാന്റ് ഉയരുന്നില്ലെങ്കിൽ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അറിയിപ്പു നൽകിയിരുന്നു.
‘ഈ സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ വ്യവസായ രംഗത്ത് ഉണർവ്വുണ്ടായില്ലെങ്കിൽ ചില തൊഴിൽ നഷ്ടങ്ങൾ കാണേണ്ടിവരുമെന്നാണ് എന്റെ പേടി.’ ഗോയങ്ക പറഞ്ഞു. ആഘോഷ സീസണുകൾക്ക് മുന്നോടിയായുള്ള ജിഎസ്ടി വെട്ടിക്കുറയ്ക്കൽ ഡിമാന്റ് ഉയരാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുർഗൗണിലേയും മനേസറിലെയും പ്ലാന്റുകൾ സെപ്റ്റംബർ ഏഴു മുതൽ ഒമ്പതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ ആദ്യ വാരം പൂണെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിരുന്നു.
Discussion about this post