ചെന്നൈ: ചെന്നൈയില്‍ ഫ്‌ലക്‌സ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ താത്കാലിക നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഈ തുക നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എം.സത്യനാരായണനും എന്‍ ശേഷയ്യയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
പൊതുസ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017-ല്‍ ഉത്തരവിറക്കിയിട്ടും അത് പാലിക്കാത്തതിന് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം ബോര്‍ഡുകള്‍ ഇനി എത്രപേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഹൈക്കോടതി ചോദിച്ചു.
ക്രൊംപേട്ട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി ശുഭശ്രീയാണ് മരണപ്പെട്ടത്. എംടെക് പൂര്‍ത്തിയാക്കിയ ശുഭശ്രീ വിദേശത്ത് ഉപരിപഠനത്തിനുള്ള പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടറിനു മുകളിലേക്ക് ഫ്‌ലക്‌സ് വീണത്. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് വീണ ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയില്‍പെട്ട് മരിക്കുകയായിരുന്നു.
സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ ഒരു പ്രസ്താവനയെങ്കിലും പുറത്തിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായോ എന്നും കോടതി ചോദിച്ചു. രാജ്യത്ത് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ല, ഇനിയും റോഡുകളില്‍ പെയിന്റടിക്കാന്‍ സര്‍ക്കാരിന് എത്ര ലിറ്റര്‍ ചോരയാണ് വേണ്ടതെന്നും ഇത് ഉദ്യോഗസ്ഥരുടെ തികഞ്ഞ ഉദാസീനതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post